ഇനി മറ്റൊരു ഉദാഹരണം എടുക്കാം. ഇത് മലയാളവും (വടക്കേ മലബാറിലെ) മലബാറിയും തമ്മിലുള്ള ഒരു നിസ്സാരമായ വാക്ക്-കോഡ് താരതമ്യപ്പെടുത്തലാണ്.
മലയാളത്തിൽ YOU എന്ന പ്രയോഗം സാറ്, അങ്ങുന്ന്, നിങ്ങൾ, താൻ, ഇയാള്, നീ തുടങ്ങി പലവാക്കുകളാലും ആണ്.
മലബാറിയിൽ, YOU എന്ന പ്രയോഗത്തിന് ഇഞ്ഞി എന്നും നിങ്ങൾ/ ഇങ്ങൾ എന്ന രണ്ട് പ്രയോഗങ്ങളേ ഉള്ളു (നിങ്ങളും ഇങ്ങളും തമ്മിൽ കാര്യമായ ഒരു വ്യത്യാസം ഉണ്ട്. അത് ഇവിടെ ചർച്ചക്ക് ഇപ്പോൾ എടുക്കുന്നില്ല).
നിങ്ങൾ/ ഇങ്ങൾ വളരെ ഉയരത്തിലും, ഇഞ്ഞി വളരെ താഴെയും ആണ്.
ഇതേ പോലെ, HE എന്ന വാക്ക് മലയാളത്തിൽ, സാറ്, അദ്ദേഹം, അങ്ങുന്ന്, അങ്ങേര്, അയാൾ, പുള്ളി, പുള്ളിക്കാരൻ, അവൻ തുടങ്ങിയ വാക്കുകളാണ്. (വേറെയും വാക്കുകൾ ഉണ്ട്)
മലബാറിയിൽ, HE എന്ന പ്രയോഗത്തിന് ഓൻ, അയാൾ, മൂപ്പര്, ഓര്/ ഓല്, എന്ന പ്രയോഗങ്ങൾ ഉണ്ട്.
SHE എന്ന വാക്ക് മലയാളത്തിൽ സാറ്, മാഢം, മേഢം, അവര്, അയാൾ, പുള്ളി, പുള്ളിക്കാരി, അവൾ തുടങ്ങിയ പ്രയോഗങ്ങളാണ്. (വേറെയും വാക്കുകൾ ഉണ്ട്).
മലബാറിയിൽ, SHE എന്ന പ്രയോഗത്തിന് ഓള് എന്നും ഓര്/ ഓല് എന്ന രണ്ട് വ്യത്യസ്ത നിലവാരങ്ങളുള്ള പ്രയോഗങ്ങളാണ് മുഖ്യമായി ഉപയോഗിച്ചുവരുന്നത്.
ഇവിടെ ചർച്ചക്ക് ഈ SHE എന്ന വാക്ക് മാത്രം എടുക്കാം.
മലയാളത്തിൽ തൊഴിലിനുവരുന്ന സ്ത്രീയെക്കുറിച്ചും, ആ ആളോടും പലപ്പോഴും, അയാൾ, പുള്ളി, പുള്ളിക്കാരി, നിങ്ങൾ തുടങ്ങിയ വാക്കുകളാണ് തിരുവിതാംകൂറിൽ ഉപയോഗിക്കാറുണ്ടായിരുന്നത് എന്ന് തോന്നുന്നു. ഇതിൽ 'അവൾ' എന്ന പ്രയോഗം പലപ്പോഴും ഉപയോഗിക്കില്ലായിരുന്നു.
അതേ അവസരത്തിൽ മലബാറിൽ, ബഹുമാനിക്കപ്പെടുന്ന സ്ത്രീയെ നിങ്ങൾ/ഇങ്ങൾ എന്ന് സംബോധന ചെയ്യുകയും, 'ഓര്/ഓല്' എന്ന് പരാമർശിക്കുകയും ചെയ്യും. എന്നാൽ ചെറിയതോതിൽ ഇത്രമാത്രം ബഹുമാനം നൽകാൻ പറ്റാത്ത ഏത് സ്ത്രീയേയും, വടക്കെ മലബാറിൽ 'ഇഞ്ഞി' എന്ന് സംബോധന ചെയ്യുകയും, 'ഓള്' എന്ന് പരാമർശിച്ച് സംസാരിക്കുകയും ചെയ്യും.
ഇത് മലബാറിന്‍റെ സാമൂഹികാന്തരീക്ഷത്തെത്തന്നെ വികലപ്പെടുത്തിയിട്ടുണ്ട്. പല ഉൾനാടൻ പ്രദേശങ്ങളിൽ കുറച്ച് സാമൂഹിക മഹിമയുള്ള വീടുകളിലെ സ്ത്രീകൾ തൊട്ടടുത്തുള്ള അങ്ങാടിയിൽ സാധനം വാങ്ങിക്കാൻപോകാൻ പോലും ഇഷ്ടപ്പെടില്ല.
പല സ്ത്രീകളും 'ഓള്', 'ഇഞ്ഞി' പ്രയോഗത്തിന്‍റെ പ്രഹരത്താൽ, അവരുടെ മേൽ ആധിപത്യം ഉള്ള ആളുകളുടെ മുന്നിൽ ഒരു അമിതവിനയം കാട്ടിനടക്കാൻ ശ്രമിക്കും. എന്നാൽ, ഏതെങ്കിലും രീതിയിൽ ഒരു അദ്ധ്യാപികയോ മറ്റോ ആവാൻ പറ്റിയാൽ, ഈ ഭാഷാ കെടുതിയിൽ നിന്നും രക്ഷനേടും. അങ്ങാടിയിൽ പോകാനുള്ള വൈമനസ്യം നന്നായിത്തന്നെ മാറിക്കിട്ടും. ആളുടെ പെരുമാറ്റവും സ്വഭാവവും ശരിക്കും കുത്തനെ മാറിമറിയാനും മതി.
ഈ വിഷയം ഇവിടെ നിർത്തുകയാണ്. എന്നാൽ, വായനക്കാരന് ചിന്തിക്കാനുള്ള ഒരു കാര്യം നൽകാം.
മലബാറിയിൽ, പുരുഷന് 'ഓൻ' എന്ന നിലവരത്തിൽനിന്നും 'അയാൾ' എന്ന നിലവാരത്തിലേക്ക് ഉയരാൻ പറ്റും. എന്നാൽ 'ഓര്' എന്ന നിലവാരത്തിലേക്ക് ഉയരാൻ അത്ര എളുപ്പമല്ല, പലർക്കും.
അതേസമയം, ആ ആളുടെ ഭാര്യക്ക് കുറച്ച് സാമൂഹിക മഹിമ ലഭിച്ചാൽ, നേരേ ഉയരുന്നത് 'ഓര്' എന്ന നിലവാരത്തിലേക്കാണ്.
മലയാളത്തിൽ, കാര്യങ്ങൾ വേറെ വിധത്തിലാണ്.
ഇതിനെക്കുറിച്ച് വായനക്കാരന് സ്വയമായി ചിന്തിക്കാവുന്നതാണ്. ഭാഷാ കോഡുകളുടെ ഒരു ചെറിയ ചിത്രീകരണം മാത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്.
ഇതു മാതിരി, ആയിരക്കണക്കിന് വാക്ക്-കോഡുകൾ ഓരോ ഭാഷയിലും ഉണ്ട്. കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ മാത്രം, ഇത് മാതിരിയുള്ള അതീവ സങ്കീർണ്ണതകൾ ഉള്ള വാക്ക്-കോഡുകൾ ഇല്ലതന്നെ. ഇത് ഇങ്ഗ്ളിഷിന്‍റെ ഒരു പരാജയമായി ഫ്യൂഡൽ ഭാഷക്കാർ ചിത്രീകരിക്കുന്നത് കണ്ടിട്ടുണ്ട്.
