ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ശമ്പളത്തെക്കുറിച്ച് പറയുന്നതിന് മുൻപായി, പ്രാദേശിക ഭാഷയിൽ വ്യക്തികൾ തമ്മിലുള്ള ആശയവിനിമയത്തിൽ ഇങ്ഗ്ളിഷ് ഭാഷയുടെ സ്വാധീനം വരുത്തുന്ന ഒരു പ്രധാന വ്യതിയാനത്തെക്കുറിച്ച് പറയാം എന്നു കരുതുന്നു.
ഇങ്ഗ്ളണ്ടിലെ പാരമ്പര്യ ഇങ്ഗ്ളിഷിൽ ഔപചാരിക സംഭാഷണങ്ങളിൽ Mr., Mrs., Miss തുടങ്ങിയ പദങ്ങൾ നിർബന്ധമായിരുന്നു. എന്നാൽ, യൂഎസ്സ് എന്ന രാജ്യത്തിൽ അനവധി മറ്റ് ഭാഷക്കാർ വന്ന് നിറയുകയും, അവരെല്ലാം ഇങ്ഗ്ളിഷ് ഒരു പഠിച്ചെടുത്ത ഭാഷയായി സംസാരിക്കുകയും ചെയ്തു തുടങ്ങിയപ്പോൾ, Mr., Mrs., Miss ഉപയോഗിക്കേണ്ടുന്നതിൻ്റെ ആവശ്യം അവർക്ക് മനസ്സിലാകാതെ വന്നു തുടങ്ങി.
അവരെല്ലാരും, അവരവരുടെ പാരമ്പര്യ ഭാഷകളിൽ മറ്റ് പല വ്യക്തികളുടേയും പേരിന് പിന്നിൽ വൻ വിധേയത്വ സൂചകമായ ആദരേണ്യ വാക്കുകൾ ഉപയോഗിച്ചു ശീലമുള്ളവർ ആയിരിക്കാം. എന്നാൽ, ഈ കൂട്ടർ ഒരു ഇങ്ഗ്ളിഷ് സാമൂഹികാന്തിരീക്ഷത്തിൽ കയറുന്നതോടുകൂടി, ആകാശം മുട്ടിനിൽക്കുന്ന രീതിയിൽ ഉള്ള മാനസിക ഉന്മാദവസ്ഥയിലേക്ക് മാറുന്നു.
പിന്നങ്ങോട്ട്, Mr., Mrs., Miss തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്നത് തന്നെ ഒരു ആത്മ അവഹേളനമായി അവർ മനസ്സിലാക്കുന്നു.
ഈ കാര്യത്തിലേക്ക് കൂടുതൽ പോകുന്നില്ല.
ഏതാണ്ട് 2000ന് അടുത്തുള്ള കാലഘട്ടം മുതൽ ഇന്ത്യയിൽ ഇങ്ഗ്ളിഷിലൂടെയുള്ള പല വാണിജ്യപരമായ സെയ്ൽസ് സംഭാഷണങ്ങളിലും, വ്യാപാര പ്രസ്ഥാനങ്ങളിലെ representatives ഓൺലൈൻ കത്തുകൾ അയക്കുമ്പോഴും, ഫോണിലൂടെ വിളിക്കുമ്പോഴും, വെറും പേര് ഉപയോഗിക്കുന്ന ഒരു പ്രവണത കയറിവന്നിട്ടുണ്ട്.
ഈ ഒരു സംഭവ വികാസത്തിൻ്റെ ചില വ്യാപകമായ സംഗതികൾ പറയാം.
ഒന്ന്, ചില വ്യാപാര കമ്പനികൾക്കുള്ളിൽ ജീവനക്കാർ ഉന്നത നിലവാരത്തിലുള്ള ഇങ്ഗ്ളിഷ് അന്തരീക്ഷം തന്നെയാണ് നിലനിർത്തുന്നത്. അതായത്, അവർ തമ്മിലും അവരുടെ ഉന്നതരുമായും മറ്റും എപ്പോഴും ഇങ്ഗ്ളിഷിൽ തന്നെയാണ് സംസാരിക്കുന്നത്. എല്ലാരം തമ്മിൽ വെറും പേരാണ് ഉപയോഗിക്കുന്നത്.
ഈ കൂട്ടർ ഓൺലൈൻ കത്ത് മുഖേനയോ ഫോണിലൂടേയോ ഉപഭോക്താവുമായി സംഭാഷണം നടത്തുമ്പോൾ, വെറും പേര് തന്നെയാണ് സംബോധന ചെയ്യാനായി ഉപയോഗിക്കുക.
എന്നുവച്ചാൽ, അവർ അവരുടെ തൊഴിൽ ഉടമയോട് ഉപയോഗിക്കുന്ന അതേ ആശയവിനിമയ കോഡിങ്ങ് തന്നെയാണ് ഉപഭോക്താവിനോടും ഉപയോഗിക്കുന്നത് എന്നർത്ഥം.
ഈ വിധം, ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ വെറം പേര് വിളിച്ചുകൊണ്ട് സംഭാഷണം നടത്തിയാൽ, ഉപഭോക്താവിന് മാനസികമായി ഒരു തരംതാഴ്ത്തൽ അനുഭവപ്പെടില്ല.
എന്നാൽ ഈ വിധ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ പ്രദർശിപ്പിക്കുന്ന മാനസിക ഔന്നിത്യം കണ്ടുകൊണ്ട് മറ്റ് വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ഇതേ രീതികൾ ഉപയോഗിച്ചുതുടങ്ങി, അധികം വൈകാതെ.
എന്നാൽ ഇവിടെ കാര്യങ്ങൾ വളരെ വ്യത്യസ്തം തന്നെയാണ്.
അവരുടെ ഓഫിസ് അന്തരീക്ഷം ഹിന്ദിയിലും, തമിഴിലും മലയാളത്തിലും, കന്നടയിലും തെലുഗിലും മറ്റുമായിരിക്കും.
ആ ജീവനക്കാരെ തൊഴിൽ ഉടമ നീ എന്ന സ്ഥാനീകരണത്തിലാണ് നിലനിർത്തിയിരിക്കുക. പോരാത്തതിന്, ഇവർ അവരുടെ തൊഴിലുടമയുടെ പേരിന് പിന്നിൽ വൻ ഘനമുള്ള അടിയാളത്ത സൂചക ബഹുമാന വാക്ക് ചേർത്താണ്, ആ പേര് എല്ലായിടത്തും ഉപയോഗിക്കുക.
എന്നുവച്ചാൽ, അവർ അവരുടെ തൊഴിൽ വേദിയിൽ കീഴ് സ്ഥാനത്ത് നിൽക്കുന്നവരാണ്.
ഇങ്ഗ്ളിഷ് കമ്പനിയിലെ പണിക്കാരും, പ്രാദേശിക ഭാഷാ അന്തരീക്ഷത്തിലെ പണിക്കാരും തമ്മിൽ അതീന്ദ്രിയ സോഫ്ട്വേർ കോഡുകളുടെ ഡിസൈൻ വ്യൂവിൽ വൻ നിലവാര വ്യത്യാസം ഉണ്ട്.
പ്രാദേശിക ഭാഷാ അന്തരീക്ഷത്തിലെ പണിക്കാരൻ, ഉപഭോക്താവിനെ വെറും പേര് വിളിച്ചു കൊണ്ട് സംഭാഷണം നടത്തുക എന്നത് അവഹേളിക്കലും തരംതാഴ്ത്തലും തന്നെയാണ്, ഈ വിധ ഭാഷകളിൽ.
മാത്രവുമല്ല, ഈ വിധമായുള്ള ഒരു തരംതാഴ്ത്തൽ ഉപഭോക്താവിൻ്റെ മനസ്സിന് തിരിച്ചറിയാനും അനുഭവപ്പെടാനും ആവും, വിദൂരങ്ങളിൽ നിന്നുപോലും.
ഇത്രയും എഴുതിയ സ്ഥിതിക്ക്, ഈ കാര്യത്തെ Social education എന്ന കാര്യവുമായി ചെറുതായി ഒന്ന് ബന്ധിപ്പിക്കാം എന്നു വിചാരിക്കുന്നു.
Social education എന്ന കാര്യത്തെക്കുറിച്ച് വിശാലമായി എഴുതണം എന്ന് നേരത്തെ വിചാരിച്ചിരുന്നു. അതിനാൽ തന്നെ അതിൻ്റെ ആഴങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ല.
ഇവിടെ ഇപ്പോൾ, പത്ര പ്രവർത്തകർ അഥവാ Newsmedia പ്രവർത്തകർ എന്ന കൂട്ടരുമായി മാത്രം ഈ കാര്യത്തെ ബന്ധിപ്പിക്കാം.
ഏതണ്ട് 1990കൾ വരെ ഇന്ത്യയിൽ ഇങ്ഗ്ളിഷ് പത്ര പ്രവർത്തകർ എന്നും പ്രാദേശിക ഭാഷാ പത്ര പ്രവർത്തകർ എന്നും ഉള്ള രണ്ട് വ്യത്യസ്ത കൂട്ടരെക്കുറിച്ച് അറിയപ്പെട്ടിരുന്നു.
അന്ന് ഇങ്ഗ്ളിഷ് പത്ര പ്രവർത്തകർ പ്രാദേശിക ഭാഷാ പത്രക്കാരെക്കുറിച്ച് തെല്ലൊരു അറപ്പും അകൽച്ചയും വച്ചുകൊണ്ട് അവരെ Vernacular Newspaper correspondants എന്ന് നിർവ്വചിക്കുമായിരുന്നു. പ്രാദേശിക ഭാഷാ പത്രക്കാർ ഒരു തരം കോഴിക്കാട്ടമാണ് എന്ന രീതിയിൽ തന്നെ ആ കൂട്ടരെക്കുറിച്ച് ചില ഇങ്ഗ്ളിഷ് പത്രക്കാർ പറയുന്നതും, ഞാൻ കേട്ടിട്ടുണ്ട്.
എന്നാൽ, ഏതണ്ട് 2010ന് തൊട്ടുമുൻപുള്ള കാലഘട്ടത്തോടുകൂടി, ഈ രണ്ട് കൂട്ടരും തമ്മിൽ അടുക്കുകയും അവർ രണ്ട് കൂട്ടരും ഒരേ വേദിയിൽ നിന്നുകൊണ്ട് തുല്യരായി പ്രവർത്തിക്കുകയും ചെയ്തു തുടങ്ങിയിരുന്നു.
ഏതാണ്ട് 2012ന് തൊട്ട് മുൻപ്, ഞാൻ Cochinലെ ഒരു ഇങ്ഗ്ളിഷ് പത്ര ഓഫിസിൽ ചെന്ന്, മലയാളം ഭാഷയെ നിർബന്ധിച്ചു പഠിപ്പിക്കുന്നതിന് എതിരായുള്ള എൻ്റെ റിറ്റ് ഹരജിയെക്കുറിച്ച്, അവിടുള്ള പത്ര പ്രതിനിധികളുമായി സംസാരിക്കാൻ നോക്കിയപ്പോൾ, അവർക്ക് മലയാളത്തിൽ സംസാരിക്കാനാണ് താൽപ്പര്യം എന്ന് അവർ വ്യക്തമായി എന്നോട് പറഞ്ഞു.
ഇങ്ഗ്ളിഷ് പത്രക്കാരണ് ഇവർ എന്ന് ഓർക്കുക. കാലം പോയപോക്കെ!
മലയാളത്തിൽ സാർ - നിങ്ങൾ എന്ന കോഡിങ്ങിൽ ഞാൻ കുടുങ്ങിപ്പോകും എന്ന് അവർ കരുതിയോ എന്ന് എനിക്ക് അറിയില്ല.
എന്നാൽ വാസ്തവം പറയുകയാണ് എങ്കിൽ അവർ ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാർ മാത്രമാണ്. അല്ലാതെ അവരാരും ആ പത്ര വ്യാപാര സ്ഥാപനത്തിൻ്റെ ഉടസ്ഥരോ അതിനുള്ളിലെ ഉന്നത മാനേജ്മെൻ്റോ അല്ല.
പത്രധർമ്മം എന്ന ധർമ്മം മറ്റ് തൊഴിലുകളിൽ ഉള്ള ധർമ്മത്തേക്കാൾ ഉന്നതമായ ഒരു ധർമ്മമാണ് എന്ന രീതിയിലുള്ള അവകാശ വാദങ്ങളിലും കാര്യമായ കഴമ്പുണ്ടോ എന്നതും തീർച്ചയില്ല.
തെങ്ങിൽ കയറുന്ന ആൾക്കും, ആശാരിക്കും കല്ലാശാരിക്കും കമ്പ്യൂട്ടർ നന്നാക്കുന്ന ആൾക്കും മറ്റും തങ്ങളുടെ തൊഴിലിൽ ഉള്ള ധർമ്മത്തേക്കാൾ ഉന്നതമായ ധർമ്മം പത്രധർമ്മത്തിൽ ഉണ്ട് എന്ന് പറയാമോ എന്നും അറിയില്ല.
എല്ലാ തൊഴിലിലും സത്യസദ്ധതയും ഉപഭോക്താവിനെ പറ്റിക്കരുത്, ദ്രോഹിക്കരുത് എന്നും, ആവശ്യമായ മുന്നറിയിപ്പുകൾ നൽകണമെന്നുമെല്ലാം ഉള്ള ധർമ്മങ്ങൾ ഉണ്ട് എന്നാണ് തോന്നുന്നത്.
ലാപ്ടോപ്പിനുള്ളിൽ നിന്നും വിലകൂടിയ ഭാഗങ്ങൾ കട്ടെടുക്കരുത് എന്നത് computer mechanicൻ്റെ തൊഴിൽ ധർമ്മത്തിൽ പെട്ട കാര്യം ആണ്. ഇതേ പോലുള്ള ഒരു ധർമ്മം മാത്രമാണ് പത്ര ധർമ്മം. അതായത്, സത്യസന്ധത.
കമ്പ്യൂട്ടർ നന്നാക്കുന്നവരിലും, ഇങ്ഗ്ളിഷിൽ സംസാരിക്കുന്നവരും, ഇങ്ഗ്ളിഷിൽ സംസാരിക്കാത്തവരും ഉണ്ട്.
ഇവിടെ പ്രാദേശിക ഭാഷയിലെ ആശയവിനിമയ സ്വാതന്ത്ര്യം പത്രക്കാർ ഉപയോഗിക്കുന്നതിനെക്കുറിച്ചൊന്ന് സൂചിപ്പിക്കാനാണ് ഇത്രയും ഇവിടെ പറഞ്ഞത്.
പത്രക്കാർ എന്നല്ല, പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ ആരും തന്നെ ചെറിയ തോതിലുള്ള മേധാവിത്വം കൈവശംവന്നാൽ, അത് ഭാഷാ വാക്കുകളിൽ പ്രകടിപ്പിക്കുക തന്നെ ചെയ്യും.
പണ്ട് 1980കളുടെ തുടക്കകാലത്ത്, ഡിഗ്രിക്ക് Trivandrumത്ത് പഠിക്കുന്ന കാലം. അന്ന് കോളജ് അദ്ധ്യാപകരും മറ്റ് കോളജ് ജീവനക്കാരും വിദ്യാർത്ഥികളെ നിങ്ങൾ എന്നാണ് സംബോധന ചെയ്യുക. ചിലർ മാത്രം താൻ എന്ന് വിളിച്ചേക്കാം.
ഒരു അദ്ധ്യാപകൻ മാത്രം, നീ എന്ന് വിദ്യാർത്ഥികളെ സംബോധന ചെയ്യുന്നത് കേട്ടിട്ടുണ്ട്. എനിക്ക് ആ അനുഭവം എന്നാൽ ഇല്ല. അയാൾ മലബാറിൽ പഠിപ്പിച്ച് പരിചയമുള്ള ആളയിരുന്നു.
യാഥൃശ്ചികമായി ഒരു മലയാളം പത്രാപീസിൽ കയറിച്ചെന്ന് അവിടുള്ള പത്രപ്രതിനിധിയുടെ മുന്നിൽ ഇരുന്ന് കൊണ്ട് വളരെ മാന്യമായി ഒരു കാര്യം പറഞ്ഞു. അയാൾ തിരിച്ച് സംബോധന ചെയ്തത് മോനേ, നീ എന്നാണ്.
മുന്നിൽ ഇരിക്കുന്നത് കോഴിക്കാട്ടമാണ് എന്ന പ്രതീതിയായിരുന്നു അന്ന് അനുഭവപ്പെട്ടത്.
കാരണം, അന്ന് ചിലപ്പോഴെല്ലാം ഇങ്ഗ്ളിഷ് പത്രപ്രവർത്തകരോട് സംസാരിക്കാനുള്ള സാഹചര്യം ലഭിച്ചിരുന്നു. അപ്പോഴൊന്നും ഈ വിധമായുള്ള ഒരു പ്രതീതി മനസ്സിൽ വന്നിരുന്നില്ല.
എന്നാൽ, രാജ്യവും സംസ്ഥാനവും ജനങ്ങളും സാവധാത്തിൽ മൊത്തമായി കോഴിക്കാട്ടത്തിൽ വീഴുന്നതുപോലുള്ള അവസ്ഥാവിശേഷം തന്നെയാണ് നാടെങ്ങും ഉണ്ടായിരുന്നത്.
ഓരോ വർഷം ചെല്ലുമ്പോഴും, മൺമറഞ്ഞുപോയ ഇങ്ഗ്ളിഷ് ഭരണത്തെ, ആ ഭരണവുമായി യാതോരു ബന്ധവും ഇല്ലാത്തവർ കോഴിക്കാട്ടത്തിൽ നിന്നുകൊണ്ട് വീക്ഷിക്കുകയും നിർവ്വചിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷം. കോഴിക്കാട്ടത്തിൽ നിന്നു പരിചയം വന്നവർക്ക് അതിൽ വൻ ആനന്ദം മാത്രം.
ഇന്ന് മീഡിയാ പ്രവർത്തകർ എന്ന രീതിയിലാണ് പത്രക്കാരെ നിർവ്വചിക്കുന്നത്.
മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിൽ Sub-editor ആയി പ്രവർത്തിച്ച്, പിന്നീട് ഗൾഫിൽ ഒരു ഇങ്ഗ്ളിഷ് പത്രത്തിൽ തൊഴിൽ ചെയ്ത ഒരു വ്യക്തിയുടെ സംഭാഷണ രീതി ശ്രദ്ധിച്ചിരുന്നു.
(Sub-editor എന്നത്, പത്രത്തിൽ എഴുതുന്ന തൊഴിലുകാരിൽ ഏറ്റവും കീഴിൽ പെടുന്ന കൂട്ടരാണ്).
അയാൾ മറ്റ് വൻകിട കച്ചവടക്കാരോടും മറ്റ് സാമൂഹിക ഉന്നതരോടും മറ്റും ഇങ്ഗളിഷിൽ സംസാരിക്കുന്ന അവസരത്തിൽ, അവരെ അവരുടെ പേരിന് മുന്നിൽ Mr. എന്ന് ചേർത്തുകൊണ്ടും, അത് ചേർക്കാതേയും ആണ് സംബോധന ചെയ്യുക.
എന്നാൽ, സ്വന്തം പ്രവർത്തന വേദിയിലെ ഉന്നതരോട് മലയാളത്തിലും ഇങ്ഗ്ളിഷിലും സംസാരിക്കുമ്പോൾ, അവരെ സാർ എന്നാണ് ഈ ആൾ സംബോധന ചെയ്യുക. ഉന്നതർ ഈ വ്യക്തിയെ നീ എന്നുമാണ് തിരിച്ച് സംബോധന ചെയ്യുക.
സ്വന്തം വേദിയിൽ നീയായി സ്ഥാനീകരിക്കപ്പെട്ട വ്യക്തി മറ്റൊരു പ്രസ്ഥാനത്തിലെ ഉന്നതനെ വെറും പേര് വിളിച്ച് സംബോധന ചെയ്യുന്നു എന്നതിൽ യാതോരു പ്രശ്നവും ഇല്ലാ എന്നു പറയാൻ പറ്റില്ല.
എന്നാൽ ഇന്ന് Youtubeൽ ചിലപ്പോഴെല്ലാം, ഇതേ പോലുള്ള ഒരു സാഹചര്യം കാണാറുണ്ട്.
തൊഴിൽ ചെയ്യുന്ന പത്ര ഓഫിസിൽ മിക്കവാറും വെറും പേരും നീയും അവനും, അവളും മറ്റുമായി സ്ഥാനീകരിക്കപ്പെട്ട ചെറുപ്പക്കാരനും ചെറുപ്പക്കാരിയും പ്രാദേശിക രാഷ്ട്രീയ നേതാക്കളെ വെറും പേരും, ശ്രീ എന്ന പദവും മറ്റും പേരിന് മുന്നിൽ ചേർത്തും സംബോധന ചെയ്യുമ്പോൾ, ആ ചെറുപ്പക്കാരിൽ ഒരു വൻ പർവ്വത നിരയിന്മേൽ ഒരു ചെപ്പടി വിദ്യയിലൂടെ കയറിക്കൂടിയ അനുഭൂതി തന്നെ വന്നുകയറാം.
ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ രാഷ്ടീയ നേതാക്കളെ അവരുടെ പേരിന് മുന്നിൽ Mr., Mrs. വാക്കുകൾ ചേർത്ത് സംബോധന ചെയ്യുന്ന പത്രപ്രവർത്തകർ, ഒരു പരന്ന പ്രകൃതമുള്ള ഭാഷയുടെ പീഠത്തിന്മേൽ ജീവിക്കുന്നരാണ്. ആ വിധമുള്ള ആളുകൾ അല്ല, ഇന്ത്യയിലെ പത്ര പ്രവർത്തകർ.
ശ്രീ, ശ്രീമതി തുടങ്ങിയ വാക്കുകൾ ഇങ്ഗ്ളിഷിലെ Mr., Mrs. വാക്കുകളുടെ തർജ്ജമയാണ് എന്ന ഒരു ഭാവം തന്നെയുണ്ട്. കുമാരി എന്ന വാക്ക് Miss. എന്ന വാക്കിൻ്റെ തർജ്ജമയാണ് എന്ന ഭാവമുള്ള ഒരു സർക്കാർ വെബ് സൈറ്റും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
എന്നാൽ വാസ്തവം പറയുകയാണ് എങ്കിൽ, ശ്രീ, ശ്രീമതി, കുമാരി (കുമാരൻ?) തുടങ്ങിയ വാക്കുകൾ മലയാളത്തിലോ മലബാറിയിലോ പണ്ട് കാലങ്ങളിൽ ഉപയോഗിച്ചതായി എവിടെയെങ്കിൽ കണ്ടെത്തിയിട്ടുണ്ട് എന്നു തോന്നുന്നില്ല.
ഇങ്ഗ്ളിഷിൽ അദ്ധ്യാപകരെ വിദ്യാർത്ഥി സംബോധന ചെയ്യുന്നത്, Mr. എന്ന വാക്ക് പേരിന് മുന്നിൽ വച്ചുകൊണ്ടാണ്.
ഇത് കണ്ട്, കേരളത്തിലെ വിദ്യാർത്ഥി, പരമേശ്വരൻ സാറിനേയും പരമേശ്വരൻ മാഷിനേയും ശ്രീ. പരമേശ്വരൻ എന്നു സംബോധന ചെയ്യുമോ?
സാധാരണ വ്യക്തി പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് സുധാകരൻ എന്ന ഇൻസ്പെക്ടറെ ശ്രീ. സുധാകരൻ എന്ന് സംബോധന ചെയ്യുമോ?
ഇതൊന്നും നടക്കില്ലായെങ്കിൽ, പത്രക്കാരനും പത്രക്കാരിയും ഏത് വിധത്തിലാണ് രാഷ്ട്രീയ നേതാക്കളെ നാട്ടിൽ എവിടേയും നടപ്പില്ലാത്ത സംബോധനാ വാക്കുകളിൽ സംബോധന ചെയ്യുക?
ഇങ്ഗ്ളിഷ് സമ്പ്രദായങ്ങൾ നടപ്പിലാക്കാൻ ആകെ വേണ്ടുന്നത്, ഇങ്ഗ്ളിഷ് ഭാഷയുടെ സാന്നിദ്ധ്യവും പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ അസാന്നിദ്ധ്യവും ആണ്.
അല്ലാതെ പ്രാദേശിക ഭാഷയിൽ അധികപ്രസംഗം എന്നു നിർവ്വചിക്കപ്പെടുന്ന രീതിയിൽ ഉള്ള വാക്യപ്രയോകം അല്ല വേണ്ടത്.
പ്രാദേശിക ഭാഷാ പത്രക്കാരിൽ പണ്ട് കണ്ട ഒരു മാനസിക പ്രതിഭാസം, അവർ ഏതെങ്കിലും ഉന്നതനോട് ഒന്ന് ഇടപെട്ടാൽ, ആ ഉന്നതൻ തൻ്റെ സുഹൃത്താണ് എന്ന ഒരു ഭാവവും, അക്കാര്യം മറ്റുള്ളവരെ അറിയിക്കലും ആണ്. കാരണം, ആ ഉന്നതനെ പേര് വിളിച്ച് സംസാരിക്കാൻ ആയില്ലേ തനിക്ക്?
വേറൊന്ന്, ഉന്നതനെ വെറും പേരും, ശ്രീ ചേർത്തുള്ള പേരും വിളിച്ച് സംബോധന ചെയ്യാനായാൽ, താൻ സാധാരണ ജനത്തിൽ നിന്നും ഉന്നതനാണ് എന്ന ഭാവം ആണ്.
എന്നാൽ ഈ പത്രപ്രവർത്തകനെ ഏതെങ്കിലും സാധാരണക്കാരൻ നിങ്ങൾ എന്ന് സംബോധന ചെയ്താൽ, മുഖത്ത് കോഴിക്കാട്ടം തേച്ച ഭാവം തന്നെ മനസ്സിൽ കയറിവരും. ആ പത്രക്കാരൻ അത് സഹിക്കില്ല.
ഈ അടുത്ത കാലത്ത്, ഒരു മലയാളം മീഡിയാ എഡിറ്റർ തൻ്റെ മുതലാളിയെ ചേട്ടൻ എന്നു സംബോധന ചെയ്തുകൊണ്ട് ഒരു ഉത്ഘാടന സദസ്സിൽ വച്ച് അഭിമുഖ സംഭാഷണം നടത്തിയതിനെ ആക്ഷേപിച്ചുകൊണ്ട് കുറച്ച് പരാമർശ്ശങ്ങൾ വന്നത് കണ്ടിരുന്നു. ചേട്ടൻ എന്ന വാക്ക് അപഹാസ്യവാക്കാണ് പോലും.
വിഡ്ഢിത്തങ്ങൾക്കും ഒരു അതിരില്ലേ?
മലയാളം സംസാരിക്കുന്ന മുതലാളിയും തൊഴിലാളിയും തമ്മിൽ ചേട്ടൻ - നിങ്ങൾ, അല്ലെങ്കിൽ ചേട്ടൻ - നീ എന്ന ബന്ധം സ്വാഭാവികം മാത്രം. അതല്ലാതെ മുതലാളിയെ ഏതെങ്കിലും ജീവനക്കാരൻ ശ്രീ. പദം ഉപയോഗിച്ചുകൊണ്ട് എവിടെയെങ്കിലും സംബോധന ചെയ്യാൻ ധൈര്യപ്പെടുമോ?
അതോ മീഡിയ പ്രവർത്തകർക്ക് മാത്രമായുള്ള ചില ഭാഷാ സ്വാതന്ത്ര്യങ്ങൾ നിലവിൽ ഉണ്ടോ?
മലയാളത്തിൽ ദിക്കാരപരമായി പെരുമാറുന്നതാണ്, ഉന്നത professionalism എന്ന കണ്ടുപിടുത്തം, ഒന്നുകിൽ മലയാളത്തിൻ്റെ അല്ലെങ്കിൽ പത്രക്കാരുടെ മാനസിക പാപ്പരത്തം മാത്രമാണ്.
ഇനി ആളുകളുടെ സ്ഥാനീകരണം എന്ന മറ്റൊരു കാര്യത്തെക്കുറിച്ചൊന്ന് എഴുതാം. അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.